Monday, December 14, 2009

വിശ്വാസികളെ

പ്രപഞ്ചത്തില്‍ ഒരു പൊട്ടു
പോലെ ഭൂമി

ഭൂമിയെ പുതപ്പിച്ച്
വന്‍കരകളെ വേര്‍തിരിച്ച്
സപ്തസാഗരങ്ങള്‍

വന്‍കരകളെ മുള്ളുവേലികളാല്‍
വിഭജിച്ച് അസം​ഖ്യം ദേശങ്ങള്‍

ദേശങ്ങള്‍ നിറയെ
സ്വന്തം അതിര്‍ത്തികള്‍ വ്യസ്തമാക്കാന്‍
വെമ്പും കോടാനുകോടിമനുഷ്യര്‍

മാനവര്‍ക്കിടയില്‍ പലപല
മതങ്ങള്‍ വര്‍ണ്ണങ്ങള്‍ ആകാരങ്ങള്‍
ഭാഷകള്‍ ചിന്തകള്‍
കലഹങ്ങള്‍ കലാപങ്ങള്‍

മതങ്ങളില്‍ നാനാജാതികള്‍ ഉപജാതികള്‍
ഇഹപരസൌഖ്യത്തിനായി
സ്വര്‍ഗം പുല്‍കാനായി
സര്‍വ്വലോകശാന്തിക്കായി
ഒരായിരം ആചാരനുഷ്ഠാനങ്ങള്‍

ഈ കൊച്ചു ഭൂമിയിലിങ്ങനെ
എത്രയെത്ര തരം വിഭജനങ്ങള്‍

ലക്ഷ്യം സര്‍വ്വലോകശാന്തിയെങ്കില്‍
വിവേകശാലിക്കളായി നടിക്കും
വിശ്വാസികളെ കലഹങ്ങള്‍ മറന്ന്
ആ വാഗ്ദത്തസ്വര്‍ഗം നമുക്ക്
ഈ ഭൂമിയില്‍ പണിതൂടെ?

Tuesday, December 1, 2009

സൈബര്‍ പ്രണയം

ഒരു നോക്കു കാണാതെ
ഒന്നും ഉരിയാടാതെ ഈ
സൈബര്‍ യുഗത്തില്‍ പരസ്പരമറിഞു
നാം ചാറ്റിങ്ങിലൂടെ

വാക്കുകളിലൂടെ ഇണങ്ങിയും
അതിലേറെ പിണങ്ങിയും
നമ്മള്‍ സൌഹ്യദം പങ്കുവെച്ചു

ഒരുപാട് സമ്മാനങ്ങള്‍
നല്‍ കാതെ നല്‍കി
അഞ്ജാതയായി നീ മറഞിരുന്നു

നമ്മുടെ കലഹങ്ങള്‍ സ്യഷ്ടിച്ച
ഇടവേളകളില്‍ പല്ലപ്പോഴും നിന്നെ
ഓര്‍ക്കാന്‍ കൂടി ഞന്‍ മറന്നു
എങ്കിലും കലഹിക്കനായി
നീ വീണ്ടും വീണ്ടും വന്നു

ഒടുവില്‍ ഒരു കുമ്പസാരമെന്നപോലെ
പ്രണയവും ഒരുപിടി മോഹഭംഗങ്ങളും
എറ്റുപറഞ് കതിര്‍മണ്ഡപത്തിലേക്ക് നീ
കയറുമ്പോള്‍ എന്നില്‍ അവശേഷിക്കുന്നത്
ഒരു നെടുവീര്‍പ്പ് മാത്രം

നെറികെട്ടകാലം

അശാന്തിയുടെ വിത്തുകള്‍ പാകി
ചോരപുഴകള്‍ ഒഴുക്കുന്ന
ജാതിമത ഭീകരര്‍
ഉന്നതരായി വാഴും കാലം

മനുഷ്യനിലെ മനീഷിയെ
ഉണര്‍ത്തേണ്ട മതാചാര്യന്മാര്‍
ആസുരഭാവം പൂണ്ട് അവനിലെ
ഭീകരനെ ഉണര്‍ത്തുന്ന കാലം

കമ്പോളസം സ്കാരത്തിന്റെ ചുഴില്‍
അകപ്പെട്ട് ഗര്‍ഭപാത്രത്തിനും
പ്രണയത്തിനും വിലപറയും
നെറികെട്ടവന്മാരുടെ കാലം

നിഘണ്ടുവിലേക്ക് ഒരു ഹീനമാം പദം
കൂടി ചേര്‍ക്കുന്നു " ലൌ ജിഹാദ് "

വിശുദ്ധരാം പ്രവചകന്മാര്‍
വിഭാവനം ചെയ്ത
ആ സമത്വസുന്ദരം ലോകം
ഇനിയും എത്രയെത്ര അകലെ......

Sunday, November 22, 2009

ബലിമ്യഗങ്ങള്‍

ഭൂതം

മണ്ണിന്റെ ഓമന മക്കള്‍
ഹരിയുടെ ജനങ്ങള്‍
ഗിരിയുടെ ജനങ്ങള്‍

ഊഷരഭൂമിയില്‍ ചോരനീരാക്കി
കനകം വിളയിച്ച്
ഖജനാവുകള്‍ നിറക്കും
ബലിമ്യഗങ്ങള്‍

മാനവികത പൂത്ത് വിടര്‍ന്ന
പോയ നുറ്റാണ്ടിനുശേഷവും
കുടുതല്‍ ജീര്‍ണ്ണിതരായി പോയ
നിരക്ഷരരാം സോദരങ്ങള്‍

നിങ്ങള്‍ക്ക് അന്യമാം
ജനാധിപത്യത്തിന്റെ
ശ്രീകോവിലുകള്‍ നിലനിര്‍ത്തും
വോട്ടുബാങ്കുകള്‍

ചാതുര്‍വര്‍ണ്ണ്യത്തിലും
നിങ്ങള്‍ തന്നെ പീഡിതര്‍
കാറ്റ് വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന
ദുരമൂത്ത പുത്തന്‍ വികസനത്തിലും
നിങ്ങള്‍ തന്നെ പീഡിതര്‍

നിങ്ങള്‍ക്ക് വേണ്ടിയെന്ന്
വീമ്പിളക്കി നടന്നവര്‍ പോലും
തിന്നു കൊഴുത്തു

വര്‍ത്തമാനം

നിങ്ങളുടെ കൂരക്കടിയിലെ
ധാതുനിഷേപങ്ങള്‍ക്ക് വിലപറയും
ആഗോള കുത്തകള്‍ക്കായി
കാക്കേണ്ടവര്‍ തന്നെ കോഴകള്‍ വാങ്ങി
നിഷ്കരുണം കൂരകള്‍ പൊളിച്ച്
ചേരികളിലേക്ക് തള്ളിവിടുന്നു

ഭാവി

ഭൂമിയോളം താണ നിങ്ങളെ
ഇനി ഭൂമിയിലേക്കും താഴ്ത്തും
കള്ളന്മാരും കൊലപാതകിക്കളും
വേശ്യകളുമാക്കി കുടുതല്‍ അധ:പതിപ്പിക്കും

വരേണ്യ ഇരുകാലികളുടെ
ദുര അവസാനിക്കാത്തിടത്തോളം
ഇതു തന്നെയല്ലോ നിങ്ങളുടെ വിധി................

Wednesday, October 28, 2009

എന്റെ പ്രചോദനം

അതിരുകള്‍ നിറഞ്ഞ ഈ ഭൂമിയില്‍ നിന്ന്
അതിരുകളില്ലാത്ത ആകാശത്തെ നോക്കി
സ്വപ്നം കാണുന്നു ഞാന്‍
ഭൂമിയിലെ നശ്വരമാം അതിരുകള്‍ കാക്കാന്‍
കുതന്ത്രങ്ങള്‍ നെയ്‌തെടുത്ത്
ഒന്നു പുഞ്ചിരിക്കാന്‍ കൂടി
മറന്നുപൊയ മനുഷ്യര്‍ക്കിടയില്‍
നിരാശനായി കഴിയുമ്പോള്‍
മാനത്തു നിന്ന് സദാ എന്നെ നോക്കി
പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളാണെന്റെ പ്രചോദനം

Tuesday, October 27, 2009

ഇരകള്‍

ദന്തഗോപുരങ്ങളിലിരുന്ന് നമുക്ക്
ഗര്‍ത്തങ്ങളില്‍ പെട്ട് ഉഴലുന്നവരെ നോക്കി
പുഞ്ചിരിക്കാം , സഹതപിക്കാം
ആകുലതകളും വ്യാകുലതകളും നടിക്കാം
അതുമല്ലെങ്കില്‍ വീണ്ടും
അഗാധ ഗര്‍ത്തങ്ങളിലേക്ക്
തള്ളിയിട്ട് രസിക്കാം
ഒരു ഗര്‍ത്തത്തില്‍
നമ്മളും വിഴുന്നതു വരെ......

Monday, May 18, 2009

അമ്മേ നിളേ.......

അമ്മേ നിളേ.......
എന്തൊരു ദുരവസ്ഥയിത്..
കരകവിഞ്ഞൊഴുകിയ നിന്‍ പ്രതാപം
മാഞ്ഞുതീരാറായ ഒരോര്‍മ്മ മാത്രം.....
ഇന്നു വര്‍ഷകാലത്തു പോലും നീ
മരുപ്പച്ച നിറഞ്ഞ ഒരു നീര്‍ച്ചോല
അതു കണ്ണീര്‍ച്ചോലയാക്കാന്‍
രാപ്പകല്‍ ഭേദമെന്യേ മത്സരിച്ച്
നിന്‍ മാറു പിളര്‍ക്കുന്നു മണല്‍ക്കൊള്ളക്കാര്‍
വികസനം മരുഭൂമിയാക്കിത്തീര്‍ത്ത
നിന്‍ പതനത്തില്‍ ദു:ഖിക്കാന്‍
മാറുന്ന കാലത്തിനൊത്ത് കോലം മാറാത്ത
പ്രകൃതി സ് നേഹികളാം ന്യൂനപക്ഷം മാത്രം .
ഈ ദുരവസ്ഥ
കാലത്തിന്‍ ദുര്‍വിധിയാം വികൃതിയോ?
അതോ അനിവാര്യതയോ ?

Friday, May 1, 2009

ഞാന്‍

ഒരുപാട് ജീവിതങ്ങളും സ്വപ്നങ്ങളും
തളിരിട്ടു പൊഴിഞ്ഞുപോയ ഈ ഭൂമിയില്‍
വാമൊഴിയും വരമൊഴിയും കുറച്ചെന്തോ അറിഞ്ഞ്
അതിലേറെ ചിന്തിച്ച്
നിഷ്ക്രിയനായോ അതോ നിസ്സഹായനായോ
ഉള്‍ വലിഞ്ഞ്....
സമത്വസുന്ദരലോകം സ്വപ്നം കണ്ട്
കാലം കഴിക്കുന്നു ഞാന്‍