Wednesday, January 26, 2011

റിപബ്ലിക് ദിന തമാശ

ജന്മനാടിന്റെ സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ത്യാഗികളെ സ്മരിച്ച് ഭാരതം പ്രൌഢിയോടെ അറുപത്തിരണ്ടാം റിപബ്ലിക് ദിനം ആചരിച്ചു. നനാത്വത്തില്‍ എകത്വവും മതേതരത്വവും ജനാധിപത്യവും ഇവിടെ അധികം കോട്ടം തട്ടാതെ നിലനില്‍ക്കുന്നതില്‍ നമുക്ക് അഭിമാനിക്കുക തന്നെ ചെയ്യാം.

എല്ലാ റിപബ്ലിക് ദിനത്തിലും വീരജവന്മാര്‍ക്കും പോലീസ് സേനാംഗങ്ങള്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും പുരസ്കാരങ്ങള്‍ നല്‍ക്കി ആദരിക്കാറുണ്ട്. പുസ്‌കാരത്തിന്‌ അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിലുള്ള മൂല്യച്യുതിയാണ്‌ എന്നെ ഇത്തരത്തില്‍ ഒരു കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരു കാലത്ത് എല്ലാവരും അഭിമാനത്തോടെ കണ്ടിരുന്ന പത്മപുരസ്കാരങ്ങളുടെ നിലവാരം ഓരോ വര്‍ഷം കഴിയും തോറും താഴ്ന്നുകൊണ്ടിരിക്കുകയാണ്‌. പുരസ്കാരങ്ങള്‍ പിടിച്ചു വാങ്ങാനുള്ള പ്രവണത നമ്മുടെ നാട്ടിലെ പ്രമാണിമാര്‍ക്ക് ഇടയില്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്. പത്മപുരസ്കാരങ്ങള്‍ക്ക് സ്വയം അപേക്ഷിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണത്രെ. ഒരു കാശ്മീരിഷാള്‍ കച്ചവടക്കാരന്‌ പത്മശ്രീ കൊടുത്ത് 2009ല്‍(http://www.zeenews.com/news502902.html)സര്‍ക്കാര്‍ നമ്മെ ഞെട്ടിച്ചതാണ്‌. ഇത്തവണയും കുറച്ച് അനര്‍ഹരെങ്കിലും ഈ ലിസ്റ്റില്‍ കയറി പറ്റിയിട്ടുണ്ട്.

ആയുര്‍വേദത്തിന്‌ വേണ്ടി ജീവന്‍ ഒഴിഞ്ഞു വെച്ച മഹാപ്രതിഭയായിരുന്നു ശ്രീ രാഘവതിരുമുല്‍പ്പാട്. അറുപത് വര്‍ഷത്തിലേറെക്കാലം അദ്ദേഹം രോഗിക്കളെ പ്രതിഫല ഇച്ഛകൂടാതെ ചികിത്സിച്ചു. എത്രയോ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ലാളിത്യത്തിന്റെ നിറകുടമായ തിരുമുല്‍പ്പാട് നിറദീപമാര്‍ന്ന വഴികാട്ടിയായിരുന്നു. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു. കഴിഞ്ഞ നവംബറില്‍ മരിക്കും വരെ അദ്ദേഹം തന്റെ കര്‍മ്മപാതയില്‍ അടിയുറച്ചു നിന്നു.

മരണാന്തര ബഹുമതിയായി ഈ റിപബ്ലിക് വേളയില്‍ ആ മഹാത്‌മാവിന്‌ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പക്ഷെ ആദരിച്ച ഈ വേളയിലും ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ അവഗണിച്ച സര്‍ക്കാര്‍ വീണ്ടും ആ മഹാപ്രതിഭയെ അവഹേളിച്ചു. പുരസ്കാര വിവരം അറിയിക്കാന്‍ വേണ്ടി തിരുമുല്‍പ്പാടിന്റെ വീട്ടിലേക്ക് വിളിച്ച സാംസ്കാരിക വകുപ്പിലെ അധികാരികള്‍ രണ്ടുമാസം മുന്‍പ് മരിച്ച തിരുമുല്‍പ്പാടിനെ തിരക്കിയത്രെ. ഇതിന്‌ ഒരു മറുപുറം കൂടിയുണ്ട് ഇത്തവണത്തെ പുരസ്കാരം ലഭിച്ചവരുടെ കൂട്ടത്തില്‍ നക്ഷത്രാശുപത്രിക്കളുടെ മേധാവികളും പെട്ടും.

എന്താണ്‌ ഇതിന്റെ ഒക്കെ അര്‍ത്ഥം?


Wednesday, January 19, 2011

ബിനായക്‌ സെന്‍












നീതികാക്കാന്‍ കണ്ണുകെട്ടിയ നീതിദേവത
സര്‍ക്കാര്‍ അഭിഭാക്ഷകന്റെ വാദം കേട്ട്
തുലാസ് താഴെയിട്ട് കാതും പൊത്തി
കാരുണ്യം വാക്കിലും നോട്ടത്തിലും
ഒതുക്കാതെ നക്ഷത്രാശുപത്രി കെട്ടാതെ
ഗിരിജനങ്ങളെ ചികിത്സിക്കുന്നവന്‍
രാജ്യദ്രോഹിയാണുപോലും

..........................................

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

http://www.binayaksen.net/

http://www.thehindu.com/news/national/article974301.ece

Thursday, December 16, 2010

ലോകപാലകന്‍



ലോകപാലകന്‍


രണ്ടര ഡസന്‍ വിമാനങ്ങളുടെ അകമ്പടിയോടെ ജഗത്‌രക്ഷകന്‍ എഴുന്നള്ളി. അധികാരികളും മാധ്യമങ്ങളും ആഡംബരത്തോടെ കോലാഹങ്ങളുണ്ടാക്കി ആ ദേഹത്തെ വരവേറ്റു. നൂറുകണക്കിന്‌ സേവകരുടെ അകമ്പടിയോടെ ചരിത്രാവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി ജഗത്‌രക്ഷകന്‍ ശതകോടിമനം കവര്‍ന്നു. വേദികളില്‍ സുസ്‌മേരവദനനായി പ്രത്യക്ഷപ്പെട്ട് ശാന്തിയെക്കുറിച്ചും സമാധനത്തെക്കുറിച്ചും വാതോരാതെ പ്രസംഗിച്ച്‌ കൈയടികള്‍ ഏറ്റുവാങ്ങി. രാജകീയവിരുന്നുകള്‍ക്കുശേഷം കോടികളുടെ വ്യവസ്യായ,ആയുധകരാരുകള്‍ ഒപ്പുവെച്ച് ജഗത്‌രക്ഷകന്‍ ശാന്തിയും സമാധാനവും പരസ്പരസഹകരണവും ഊട്ടിയുറപ്പിച്ചു. രണ്ടു തവണ നേരം പുലര്‍ന്നപ്പോള്‍ ഊഷ്മളമായ യാത്രയെപ്പിനുശേഷം ശാന്തിയും സമാധാനവും നടപ്പിലാക്കാന്‍ ജഗത്‌രക്ഷകന്‍ അടുത്ത രാജ്യത്തേക്ക് യാത്രയായി.



ഭീകരര്‍


എവിടെ നിന്നോ യന്ത്രതോക്കുകളും ബോംബുകളുമായി വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കി എങ്ങോപോയി മറയുന്നവര്. ഒന്നു കൂടി ചുരുക്കി പറഞ്ഞാല്‍ നാടോ നാളോ പേരോ ഇല്ലാത്ത കല്ലില്‍ തീര്‍ത്ത മനസ്സുള്ള ആയുധധാരികള്‍.

Thursday, December 9, 2010

വിപ്‌ളവകാരി


ഒരിക്കല്‍ അവനൊരു പോരാളിയായിരുന്നു
സമത്വമെന്നൊരാശയത്തെ മാറോടണച്ച്
വീടിനെ മറന്ന കടുംപിടുത്തക്കാരാന്‍

ഒടുവില്‍ പോരാട്ടപാതയില്‍ ദൂതനായി
എത്തിയ തൂവെള്ള ഖദര്‍വസ്ത്രം
അവന്റെ കാതില്‍ ഒരു രഹസ്യമോതി
ഗാന്ധിയും ജെ.പിയും തോറ്റ അടര്‍ക്കളമാണിത്

ആ അര്‍ധസത്യത്തെ ദിനവും ഉരുവിട്ട്
മതിമറന്ന് അവനും മത്സരിക്കുന്നു
മറ്റൊരു കൊള്ളപ്രഭു ആകുവാന്‍

.................

കടപ്പാട് :- ഇന്നലെ കണ്ട അവ്യക്ത സ്വപ്നം

Monday, October 25, 2010

ആദരാഞ്ജലികൾ











ഒരു
അപ്പൂപ്പൻ താടിപോലെ
നഗരങ്ങളിൽ നിന്ന്
നഗരങ്ങളിലേക്ക്‌
നീ പാറി നടന്നു

തെരുവിന്റെ മക്കൾക്കിടയിൽ
അവധൂതനായി കഴിഞ്ഞ്‌
ജീവിതത്തിന്റെ മറ്റൊരു തലം
ഞങ്ങൾക്കായി നീ പകർന്നു തന്നു

മിഥ്യയാണെന്നറിഞ്ഞിട്ടും
ഞങ്ങൾ കൊണ്ടുനടക്കുന്ന
ധാരണകളെ കാറ്റിൽ പറത്തി
നീ പല്ലിളിച്ചു കാട്ടി

ഒടുവിൽ നീ സ്വപ്നം കണ്ട
സമത്വലോകം പടുത്തുയർത്താൻ
കച്ചകെട്ടി ഇറങ്ങിയവർ
വാഴും കേരനാട്ടിൽ
നിർജീവമാം നിൻ ഉടലിനെ
ഒരു പ്രദർശനവസ്തുവാക്കി
മാറ്റുമ്പോൾ വിധിയെന്ന
രണ്ടക്ഷരത്തിൽ അഭയം
കണ്ടെത്താനെ ഞങ്ങൾക്ക്‌ കഴിയൂ....

Monday, December 14, 2009

വിശ്വാസികളെ

പ്രപഞ്ചത്തില്‍ ഒരു പൊട്ടു
പോലെ ഭൂമി

ഭൂമിയെ പുതപ്പിച്ച്
വന്‍കരകളെ വേര്‍തിരിച്ച്
സപ്തസാഗരങ്ങള്‍

വന്‍കരകളെ മുള്ളുവേലികളാല്‍
വിഭജിച്ച് അസം​ഖ്യം ദേശങ്ങള്‍

ദേശങ്ങള്‍ നിറയെ
സ്വന്തം അതിര്‍ത്തികള്‍ വ്യസ്തമാക്കാന്‍
വെമ്പും കോടാനുകോടിമനുഷ്യര്‍

മാനവര്‍ക്കിടയില്‍ പലപല
മതങ്ങള്‍ വര്‍ണ്ണങ്ങള്‍ ആകാരങ്ങള്‍
ഭാഷകള്‍ ചിന്തകള്‍
കലഹങ്ങള്‍ കലാപങ്ങള്‍

മതങ്ങളില്‍ നാനാജാതികള്‍ ഉപജാതികള്‍
ഇഹപരസൌഖ്യത്തിനായി
സ്വര്‍ഗം പുല്‍കാനായി
സര്‍വ്വലോകശാന്തിക്കായി
ഒരായിരം ആചാരനുഷ്ഠാനങ്ങള്‍

ഈ കൊച്ചു ഭൂമിയിലിങ്ങനെ
എത്രയെത്ര തരം വിഭജനങ്ങള്‍

ലക്ഷ്യം സര്‍വ്വലോകശാന്തിയെങ്കില്‍
വിവേകശാലിക്കളായി നടിക്കും
വിശ്വാസികളെ കലഹങ്ങള്‍ മറന്ന്
ആ വാഗ്ദത്തസ്വര്‍ഗം നമുക്ക്
ഈ ഭൂമിയില്‍ പണിതൂടെ?

Tuesday, December 1, 2009

സൈബര്‍ പ്രണയം

ഒരു നോക്കു കാണാതെ
ഒന്നും ഉരിയാടാതെ ഈ
സൈബര്‍ യുഗത്തില്‍ പരസ്പരമറിഞു
നാം ചാറ്റിങ്ങിലൂടെ

വാക്കുകളിലൂടെ ഇണങ്ങിയും
അതിലേറെ പിണങ്ങിയും
നമ്മള്‍ സൌഹ്യദം പങ്കുവെച്ചു

ഒരുപാട് സമ്മാനങ്ങള്‍
നല്‍ കാതെ നല്‍കി
അഞ്ജാതയായി നീ മറഞിരുന്നു

നമ്മുടെ കലഹങ്ങള്‍ സ്യഷ്ടിച്ച
ഇടവേളകളില്‍ പല്ലപ്പോഴും നിന്നെ
ഓര്‍ക്കാന്‍ കൂടി ഞന്‍ മറന്നു
എങ്കിലും കലഹിക്കനായി
നീ വീണ്ടും വീണ്ടും വന്നു

ഒടുവില്‍ ഒരു കുമ്പസാരമെന്നപോലെ
പ്രണയവും ഒരുപിടി മോഹഭംഗങ്ങളും
എറ്റുപറഞ് കതിര്‍മണ്ഡപത്തിലേക്ക് നീ
കയറുമ്പോള്‍ എന്നില്‍ അവശേഷിക്കുന്നത്
ഒരു നെടുവീര്‍പ്പ് മാത്രം